ന്യൂഡൽഹി : ഗുജറാത്തിലെ പാക് അതിർത്തി മേഖലയിൽ ഇന്ത്യ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം. പൂർവി പ്രചണ്ഡ് പ്രഹാർ എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. നവംബർ 11 മുതൽ 15 വരെയാണ് നടക്കുക.
നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മേചുകയിലാണ് സൈനികാഭ്യാസം നടക്കുന്നത്. ഒക്ടോബർ 30-നാണ് ഇന്ത്യ-പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ സൈനികാഭ്യാസം ആരംഭിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ പുതിയ ഭൈരവ് ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അശ്നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ സൈനികാഭ്യാസത്തിന്റെ ഭാഗമാകും.
2023-ൽ നടത്തിയ ഭാല പ്രഹർ, 2024-ലെ പൂർവി പ്രഹർ എന്നീ സൈനികാഭ്യാസങ്ങളുടെ തുടർച്ചയാണ് പൂർവി പ്രചണ്ഡ് പ്രഹാർ. കര, നാവിക, വ്യോമസേനകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്.















