ന്യൂഡൽഹി: വോട്ട് മോഷ്ടിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തുടർച്ചയായ പരാജയങ്ങൾ ഉണ്ടായിട്ടും രാഹുലും കോൺഗ്രസും പാഠം പഠിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ നിരന്തരം അസഭ്യം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതി നൽകുകയോ തെളിവുകൾ നൽകുകയോ ചെയ്യാതെ രാഹുൽ കേവലം ആരോപണങ്ങൾ മാത്രം ഉന്നയിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചോരിയെന്നായിരുന്നു രാഹുലിന്റെ പുതിയ ആരോപണം.
കോൺഗ്രസിന് ബിഹാറിൽ ചെയ്യാനൊന്നും ബാക്കിയില്ല. അതുകൊണ്ടാണ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ഇതൊക്കെ ചെയ്യുന്നത്. അതിനാണ് ഹരിയാന വിഷയം ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഗൗരവമേറിയ വിഷയങ്ങൾ സംസാരിക്കണം. അനാവശ്യമായ കാര്യങ്ങൾ സംസാരിച്ച് സമയം കളയരുതെന്നും കിരൺ റിജിജു പറഞ്ഞു.
ഹരിയാനയിലെ വോട്ടർ പട്ടികയിൽ തിരുമറി നടന്നിട്ടുണ്ടെന്നാണ് രാഹുൽ ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. 25 ലക്ഷം വ്യാജവോട്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും രാഹുൽ പറഞ്ഞിരുന്നു.















