തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണർ രാജേന്ദ്ര അർലേർക്കറോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നും ഹൈക്കോടതിയിൽ നിന്ന് അതിരൂക്ഷ വിമർശനം ഉണ്ടായിട്ടും ആരോപണവിധേയരായ ഈ ബോർഡിന്റെ കാലാവധി 2025 നവംബർ 14 മുതൽ ഒരു വർഷം കൂടി നീട്ടാനുള്ള നീക്കത്തിലാണ് സർക്കാരെന്നും അദ്ദേഹം വിമർശിച്ചു.
ബോർഡിനെതിരായ അന്വേഷണം, ദേവസ്വം മന്ത്രിയുടെ രാജി തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോർഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങൾക്ക് തുടരാനുള്ള അവസരമൊരുക്കുന്ന സർക്കാർ നീക്കം അപകടകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്‌ക്കരുത്. ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം വിനിയോഗിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















