ദുബൈ: മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന വാദവുമായി റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി .
“തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് അദ്ദേഹം. താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടു.അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമാണ്. വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും.” വേടൻ പറഞ്ഞു.
“വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും”, വേടൻ നേരത്തെ പ്രതികരിച്ചിരുന്നു . ‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
എന്നാല്‍ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. ‘വേടനെ പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.















