എറണാകുളം: ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ രാജ്യാന്തര സംഘമാണെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സ്വർണം പൂശിയ വാതിൽ സ്ഥാപിച്ച ശേഷം സ്വർണം പൊതിഞ്ഞ പഴയ വാതിൽ കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് അനുവദിച്ചോ എന്ന കാര്യം പ്രത്യേക അന്വേഷണസംഘം വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്കിൽ കാലാകാലങ്ങളിൽ കൃത്യമായി വിവരങ്ങൾ ചേർക്കാത്തത് ക്രമക്കേടുകൾ ഒളിച്ചുവയ്‌ക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്ര വസ്തുക്കൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ കള്ളൻ സുഭാഷ് കപൂറിനെ കോടതി പരാമർശിച്ചു.
ശ്രീകോവിലിന്റെ 315 പവൻ സ്വർണം പൊതിഞ്ഞ മുഖ്യവാതിലിന് പകരം 40 പവൻ സ്വർണം പൂശി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്ന വാതിൽ സ്ഥാപിച്ചോയെന്നും കോടതിക്ക് സംശയമുണ്ട്.















