ലക്‌നൗ: യുപിയിലെ ഝാൻസിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എൽഐസിയിലെ ഡവലപ്പ്‌മെന്റ് ഓഫീസറായ രവീന്ദ്ര അഹിർവാർ(30) ആണ് മരിച്ചത്. ഝാൻസിയിലെ ഗവൺമെന്റ് ഇന്റർ കോളേജ് ഗ്രൗണ്ടിൽ (ജിഐസി) ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം.
രാവിലെ മൈതാനത്ത് എത്തിയ രവീന്ദ്ര ബൗളിംഗിനിടെ വെള്ളം കുടിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതിന് പിന്നാലെ ഛർദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തു. സുഹൃത്തുക്കൾ ഉടൻ തന്നെ ഝാൻസി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രവീന്ദ പൂർണ്ണ ആരോഗ്യവാനായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടുവർഷം മുൻപാണ് രവീന്ദ്ര ജോലിയിൽ പ്രവേശിച്ചത്. പതിവുപോലെ രാവിലെ ഉണർന്നു, അച്ഛനോടൊപ്പം ചായ കുടിച്ച ശേഷമാണ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോയതെന്ന് അനുജൻ അരവിന്ദ് അഹിർവാർ പറഞ്ഞു.
യുവാവിനെ മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഝാൻസി മെഡിക്കൽ കോളേജിലെ ഡോക്ടർ ഡോ. സച്ചിൻ മഹോർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. കളിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ദാഹിച്ചതിന് ശേഷം അമിതമായി വെള്ളം കുടിക്കുന്നത് മൂലം പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.















