ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവിധയിടങ്ങളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ചിറ്റഗോങിൽ നാമനിർദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർത്ഥി എർഷാദ് ഉള്ളയ്‌ക്ക് വെടിയേറ്റു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ എർഷാദ് ഉള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമണത്തെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ശക്തമായി അപലപിച്ചു.
ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്രമികളെ കണ്ടെത്തുന്നതിനും സ്ഥാനാർത്ഥികളുടെയും പൗരന്മാരുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇടക്കാല സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായത്. നഗരത്തിലെ പലയിടങ്ങളിലും ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു.















