തൃശൂർ: കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിം ട്രെയിനർ ബോഡി ബിൽഡിംഗിനായി അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. ഒന്നാംകൽ സ്വദേശിയായ മാധവ് (28) ഇന്നലെയാണ് മരിച്ചത്. വിവാഹം അടുത്ത മാസം ഉറപ്പിക്കാനിരിക്കെ ആണ് മരണം.
പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. അതേസമയം മസിലിന് കരുത്തു കൂട്ടാൻ ഉപയോഗിക്കുന്ന വിദേശ നിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിനു ലഭിച്ചു. ബിൽഡിംഗ് മൽസരങ്ങളിൽ മാധവ് സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു.
ഇന്നലെ പുലർച്ചയാണ് മാധവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാധവും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ട്രെയിനർ ആയി ജോലി ചെയ്യുന്ന മാധവ് എല്ലാം ദിവസവും പുലർച്ചെ നാലിന് ജിമ്മിലേക്ക് പോകാറുണ്ട്. നാലര ആയിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ അയൽവാസികളുടെ സഹായത്തോടെയാണ് തള്ളി തുറന്നത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.















