ന്യൂഡൽഹി: 2030 ൽ മംഗൾയാൻ-2 യാഥാർത്ഥ്യമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാനുളള ഇന്ത്യയുടെ ആദ്യ ശ്രമമാണിതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.
ചന്ദ്രയാൻ-3, ആദിത്യ-എൽ1, നിസാർ എന്നിവ നൽകിയ ആത്മവിശ്വസത്തിലാണ് മംഗൾയാൻ- 2 മായി ഐഎസ്ആർഒ മുന്നോട്ടുപോകുന്നത്. 2013 നവംബർ 5നാണ് മംഗൾയാൻ-1 വിക്ഷേപിച്ചത്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം . ആറ് മാസത്തെ കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന മംഗൾയാൻ ലോകത്തെ ബഹിരാകാശ ഗവേഷകർക്ക് പോലും ഒരു അദ്ഭുതമായിരുന്നു. എട്ടു വർഷത്തിനു ശേഷം 2022 ഒക്ടോബറിലാണ് പേടകത്തിന്റെ പ്രവർത്തനം നിലച്ചത്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മംഗൾയാൻ 2 ചൊവ്വയിൽ ഇറങ്ങുയായിരിക്കും ദൗത്യം പൂർത്തിയാക്കുക. ഇതിന് മുമ്പ് യുഎസ്, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളാണ് ചൊവ്വയിൽ ഇറങ്ങിയത്. മംഗൾയാൻ 2 നുള്ള പ്രാഥമിക രൂപകൽപ്പന ജോലികൾ ആരംഭിച്ചു. സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ, വിക്രം സാരാഭായ് സ്പേസ് സെൻ്റർ എന്നിവ ആദ്യഘട്ടത്തിൽ ദൗത്യത്തിന്റെ ഭാഗമാണ്. നാസ പോലുളള ഏജൻസികളുടെ പങ്കാളിത്തവും പരിഗണിക്കുന്നുണ്ട്.















