തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്ററെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്. എകെജി സെൻ്ററിന്റെ ബന്ധം തെളിയിക്കുന്ന തെളിവുകൾ ഓരോന്നായി പുറത്തുവരികയാണ്. ബിജെപിയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എൻ വാസുവിൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എൻ വാസു, ‘സഖാവ് എൻ. വാസു’വാണ്. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ്. വാസു കമ്മീഷണറും പ്രസിഡന്റുമായ കാലത്ത് അദ്ദേഹത്തിന്റെ സന്തത സഹചാരിയാണ് ഇപ്പോൾ എസ്എടി അറസ്റ്റ് ചെയ്ത ദേവസ്വം സെക്രട്ടറി. എൻ വാസുവാണ് ഇതിന് പിന്നിലെന്ന് ദേവസ്വം സെക്രട്ടറിയും മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് വാസുവിനെ അറസ്റ്റ് ചെയ്യാൻ എസ്എടി തയ്യാറാകാത്തത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള സംവിധാനമാണ് എസ്എടി. അതുകൊണ്ടാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്
ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളി മാത്രമല്ല ശ്രീകോവിലിന്റെ വാതിലടക്കം നഷ്ടപ്പെട്ടെന്ന് സംശയം ഹൈക്കോടതിക്ക് പോലുമുണ്ട്. ഇതിന്റെ പിറകിൽ രാജ്യന്തര റാക്കറ്റുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേവലം ഒരു ഉണ്ണികൃഷ്ണൻ പോറ്റിയോ ജീവനക്കാരിലോ കേസ് ഒതുങ്ങുന്നില്ല. വലിയൊരു ശൃംഖല ഇതിന് പിന്നാലുണ്ട്. ശബരിമലയിലെ സ്വർണം ആകെ കൊള്ള ചെയ്യാനാണ് പദ്ധതിയിട്ടത്. സർക്കാർ സഹായം ഇതിന് ലഭിച്ചിട്ടുണ്ട്.
ശബരിമലയെ തകർക്കാർ അന്തർദേശീയ ഗൂഢാലോചന നടന്നിട്ടുമുണ്ട് ഇതിന്റെ കണ്ണിയാണ് സിപിഎമ്മും സംസ്ഥാന സർക്കാരും. ഇത് പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണം. ശബരിമലയിൽ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കും. ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പുകൾ ഇതിനായി സമാഹരിക്കും. ഈ മാസം പത്താം തീയതി മുതൽ ഒപ്പു ശേഖരണം ആരംഭിക്കും. ഇതിന്റെ ഭാഗമായി 25 ഇടങ്ങളിൽ അയ്യപ്പ സംരക്ഷണ സംഗമം നടത്തുമെന്നും എം ടി രമേശ് പറഞ്ഞു.
Leave a Comment