ന്യൂഡൽഹി: തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന ഇടക്കാല വിധിയുമായി സുപ്രീം കോടതി.ദേശീയപാതയടക്കം റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും കന്നുകാലികൾ, നായ്‌ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകി സുപ്രീംകോടതി. നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. പിടികൂടുന്ന നായ്‌ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു.
“രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ തെരുവ് നായ്‌ക്കൾ പ്രവേശിക്കുന്നത് തടയാൻ വേലി കെട്ടണം. നായ്‌ക്കൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പൊതുസ്ഥലങ്ങൾ പരിശോധിക്കണം. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം.”ഉത്തരവിൽ പറയുന്നു.
ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്‌ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം. കന്നുകാലികൾ, നായ്‌ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം എന്നും ഉത്തരവിൽ പറയുന്നു.
തലസ്ഥാനമായ ഡൽഹിയിലെ തെരുവ് നായ്‌ക്കളുടെ പ്രശ്നം സുപ്രീം കോടതി ബെഞ്ച് ഓഗസ്റ്റ് 22 ന്, സ്വന്തം നിലയിൽ ഏറ്റെടുക്കുകയും, വാദം കേൾക്കുകയും, ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ ചില ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
ഈ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ, തെലങ്കാന ചീഫ് സെക്രട്ടറിമാർ ഒഴികെയുള്ള എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടിരുന്നു. അതനുസരിച്ച്, എല്ലാവരും ഹാജരായി. പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തിൽ തെരുവ് നായ്‌ക്കളെ പോറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വാർഡിലും പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഇതിനുപുറമെ, സർക്കാർ ഓഫീസ് പരിസരങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനെ കോടതി ശക്തമായി അപലപിച്ചു. തെരുവ് നായ പ്രശ്നത്തെക്കുറിച്ച് 7-ാം തീയതി (ഇന്ന്) ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജഡ്ജിമാർ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് , തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഇടക്കാല പുറപ്പെടുവിച്ചത്.















