ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആഗോള നിരീക്ഷണ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (FATF). എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ED) ഒരു “മാതൃകാ ഏജൻസി” എന്നാണ് FATF വിശേഷിപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നൽകുന്നതും തടയാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആഗോള നിരീക്ഷണ സമിതിയാണ് FATF. സമിതിയിലെ അംഗരാജ്യങ്ങൾക്കിടയിലെ ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ഇന്ത്യയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നും FATF വിലയിരുത്തി. ‘ആസ്തി വീണ്ടെടുക്കൽ മാർഗ്ഗനിർദ്ദേശങ്ങളും മികച്ച രീതികളും’ എന്ന പേരിൽ പുതുതായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയെ പ്രശംസിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് സ്വരൂപിച്ച സ്വത്തുക്കൾ അതിവേഗം തിരിച്ചറിയാനും, കണ്ടുകെട്ടാനും, ഇരകൾക്ക് തിരിച്ചു നൽകാനും അംഗരാജ്യങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒരു സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും FATF ചൂണ്ടിക്കാട്ടി.
ക്രിമിനൽ വിചാരണ നടക്കുമ്പോൾ തന്നെ ക്രിമിനൽ ആസ്തികൾ വേഗത്തിൽ മരവിപ്പിക്കാനും, കണ്ടുകെട്ടാനും, കണ്ടുകെട്ടാനും അനുവദിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനെയും (പിഎംഎൽഎ) FATF പ്രശംസിക്കുന്നുണ്ട്.
ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് തിരികെ നൽകിയ കാര്യവും FATF പരാമർശിച്ചു. കോർപ്പറേറ്റ് തട്ടിപ്പുകൾ, സഹകരണ ബാങ്ക് അഴിമതികൾ എന്നിവയിൽ ഇഡിയുടെ നടപടി ഫലപ്രദമാണെന്നും സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.















