കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ മുൻ എക്സിക്യൂട്ടിവ് ഓഫീസർ വിനോദിന് കവർച്ചയ്‌ക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് ദേവസ്വം ബോർഡ് എന്ന ആരോപണം ശക്തമാകുന്നു. ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി 60 പവനിലധികം സ്വർണമാണ് വിനോദ് കവർന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പി.പി വിനോദിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല.
കോഴിക്കോട്ടെ കോട്ട ശിവക്ഷേത്രം, കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രം, പിഷാരിക്കാവ് ക്ഷേത്രം തുടങ്ങി എട്ടിലധികം ക്ഷേത്രങ്ങളിൽ നിന്നാണ് വിനോദ് സ്വർണം മോഷ്ടിച്ചത്. ഭഗവാന് ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം അടക്കം ഇയാൾ കട്ടിട്ടുണ്ട്. മോഷണം നടന്ന കാര്യം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റെ് ഒ. കെ വാസു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ കാലങ്ങളിലായാണ് വിനോദിന്റെ മോഷണം. സ്വർണം കവരുന്ന കാര്യം ദേവസ്വം ബോർഡിനും വ്യക്തമായി അറിയാം. എന്നിട്ടും അയാൾക്കെതിരെ പരാതി നൽകാൻ പോലും അവസാനഘട്ടം വരെ ദേവസ്വം ബോർഡ് തയ്യാറായില്ല. ഒടുവിൽ ഭക്തരുടെ സമ്മർദ്ദം ശക്തമായതോടെയാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.















