ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ സെലക്ടർ മഞ്ജുറുൾ ഇസ്ലാം ഉൾപ്പെടെയുള്ള ടീം മാനേജ്‌മെന്റിനെതിരെ ലൈംഗിക പീഡനാരോപണവുമായി ദേശീയ താരം ജഹനാര ആലം. 2022 ലെ വനിതാ ഏകദിന ലോകകപ്പിനിടെയാണ് ജഹനാര ആലം ദുരനുഭവം നേരിട്ടത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.
‘ ഒരിക്കലല്ല, പലതവണ ഞാൻ അപമാനം നേരിട്ടു. ടീമിന്റെ ഭാഗമാകുമ്പോൾ ആഗ്രഹമുണ്ടെങ്കിൽ പോലും പല കാര്യങ്ങളെക്കുറിച്ചും തുറന്നു പറയാൻ കഴിയില്ല.ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ (ബിസിബി) മുതിർന്ന ഉദ്യോഗസ്ഥരോട് സഹായം തേടിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. വനിതാ കമ്മിറ്റി മേധാവി നാദേൽ ചൗധരിയും ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീൻ ചൗധരിയും തന്റെ പരാതികൾ അവഗണിച്ചു.
പരിശീലന സമയത്ത് മഞ്ജുരുൾ വനിതാ കളിക്കാരെ എങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്നും താരം വിവരിച്ചു . പെൺകുട്ടികളുടെ, നെഞ്ചിൽ അമർത്തുന്നതും ചേർത്ത് പിടിക്കുന്നതും അയാളുടെ പതിവായിരുന്നു. ആർത്തവത്തെ കുറിച്ചും പോലും മഞ്ജുരുൾ മോശമായി സംസാരിച്ചിരുന്നു. ഒരിക്കൽ അയാൾ എന്റെ അടുത്ത് വന്ന്, എന്റെ കൈ പിടിച്ചു എന്നിട്ട് അയാൾ ചോദിച്ചത് ആർത്തവം എത്ര ദിവസമായെന്നാണ്. എനിക്ക് ആർത്തവമാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം ഇക്കാര്യം നേരിട്ടു ചോദിക്കുന്നതെന്നും ജഹനാര പറഞ്ഞു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും മഞ്ജുരുൾ നിഷേധിച്ചു.















