തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവരെയാണ് മാറ്റുന്നത്. പി. എസ്. പ്രശാന്തിനെ വീണ്ടും നിയമിക്കേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം.
പുതിയ പ്രസിഡന്റിനെ സർക്കാർ പ്രഖ്യാപിക്കും. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് സർക്കാർ തീരുമാനമെടുത്തത്.
പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ധാരണയിലെത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ഈ നീക്കം പൊളിക്കുന്നതായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.















