ന്യൂഡൽഹി: ആർജെഡിയുടെ പ്രകടനപത്രികയിൽ മുഴുവൻ നുണകൾ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തുവിട്ട പ്രകടന പത്രികയെ കുറിച്ച് കോൺഗ്രസ് ഒന്നും സംസാരിക്കാറില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തെറ്റായ വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഔറംഗാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് അവരുടെ തെരഞ്ഞെടുപ്പ് പത്രികയിൽ പരാമർശിക്കുന്നത്. തെറ്റായ ഉറപ്പുകളാണ് അവർ ജനങ്ങൾക്ക് നൽകുന്നത്. സംസ്ഥാനത്തെ മുൻകാല ചരിത്രത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസും ആർജെഡിയും ശ്രമിക്കുന്നത്.
ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കരസ്ഥമാക്കും. മോദി-നിതീഷ് ബന്ധം എല്ലാവരുടെയും മുന്നിലുണ്ട്. ഞാൻ പറയുന്നതാണ് ഞാൻ ചെയ്യുന്നത്. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞു, അത് നടന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പറഞ്ഞു, അതും സംഭവിച്ചു.
ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിനെ ശരിയായ രീതിയിൽ ഭരിക്കാൻ കോൺഗ്രസും ആർജെഡിയും അനുവദിച്ചില്ല. 2014-ൽ അധികാരത്തിൽ വന്നതിന് ശേഷം ബിഹാറിന്റെ വികസനത്തിനായി മൂന്നിരട്ടി പണം അനുവദിച്ചിരുന്നു. പ്രകടന പത്രികയിൽ ആർജെഡി നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പോലും വിശ്വസിക്കുന്നില്ല. ജോലിക്ക് വേണ്ടി ബിഹാറിലെ യുവാക്കളിൽ നിന്ന് ഭൂമി തട്ടിയെടുക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു.















