പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് ബിജെപി കൗൺസിലര്‍. പാലക്കാട് ശാസ്ത്രോത്സവം പരിപാടിയിൽ നിന്ന് നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി. പരിപാടി നടക്കുന്ന സ്കൂളിലെ ഡിജിറ്റലൈസേഷൻ പ്രവര്‍ത്തനങ്ങൾ വര്‍ഷങ്ങളായി സ്തംഭിച്ചിരിക്കുകയാണെന്നും ഇതിന് പിന്നിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമാണെന്നും മിനി കൃഷ്ണകുമാർ ജനംടിവിയോട് പറഞ്ഞു.
“രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിടാൻ താൽപ്പര്യപ്പെടുന്നില്ല. തന്റെ പ്രവർത്തനങ്ങളിൽ സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. രാഹുലിനൊപ്പം വേദി പങ്കിടുന്നില്ല എന്ന് തന്നെയാണ് ബിജെപിയുടെയും നിലപാട്. ഒരു പ്രവർത്തക എന്ന നിലയിൽ താൻ അത് അംഗീകരിക്കുന്നുവെന്നും മിനി കൃഷ്ണകുമാർ പറഞ്ഞു”.
രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു തരത്തിലും സഹകരിക്കില്ലെന്ന് ബിജെപി മുതിർന്ന നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ രാഹുൽ പങ്കെടുക്കുന്ന ഒരു വേദിയിലും പങ്കെടുക്കരുതെന്ന താക്കീതും എല്ലാ നേതാക്കൾക്കും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയത്.















