വാഷിംഗ്ടൺ: ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹീലിക്സ്) ഘടന വാട്സൺ കണ്ടുപിടിച്ചത്. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, തുടങ്ങിയവയ്‌ക്കെല്ലാം വാട്സന്റെ കണ്ടെത്തലുകൾ സഹായമായി. കാൻസർ ഗവേഷണത്തിലും മനുഷ്യ ജീനോം മാപ്പിംഗിലും അദ്ദേഹം വിപ്ലവകരമായ ഗവേഷണങ്ങൾ നടത്തിയിരുന്നു.
1928 ഏപ്രിൽ 6 ന് ചിക്കാഗോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവസാന കാലത്ത് ആഫ്രിക്കൻ വംശജരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ കടുത്ത വിമർശനത്തിന് വിധേയമായി. ആഫ്രിക്കക്കാർ വെള്ളക്കാരെപ്പോലെ ബുദ്ധിമാന്മാരല്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആവർത്തിച്ചുള്ള ഇത്തരം പരാമർശങ്ങൾക്ക് പിന്നാലെ ന്യൂയോർക്കിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിലെ ചാൻസലർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു.















