മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഗ്രാമീണ വൈദ്യുതി പ്രൊജക്ടുകളിൽ പ്രവർ ത്തിക്കുന്നവരാണ് അഞ്ചുപേരും. ഇവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രദേശത്ത് ജോലി ചെയ്തിരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷ മുൻ നിർത്തി തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ അന്താരാഷ്‌ട്ര വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു
അൽഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീം (ജെഎൻഐഎം) ആണെന്ന് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് നിഗമനം. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക ഭീകരത കൊണ്ട് പൊറുതി മുട്ടിയ രാജ്യമാണ് മാലി. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള സായുധ ഗ്രൂപ്പുകളുടെയും തീവ്രവാദികളുടെയും പിടിയിലാണ് രാജ്യം. രാഷ്‌ട്രീയ അസ്ഥിരതയും ആഭ്യന്തര കലാവും രൂക്ഷമായ മാലി നിലവിൽ സൈനിക ഭരണത്തിൻ കീഴിലാണ്. 2012 മുതൽ നിരവധി അട്ടിമറികളും തുടർച്ചയായ സംഘർഷങ്ങളും നേരിടുന്ന മാലിയിൽ പണത്തിനായി വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് സാധാരണമാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ബമാകോയ്‌ക്ക് സമീപം മൂന്ന് വിദേശ പൗരൻമാരെ ജെഎൻഐഎം ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. 50 മില്യൺ ഡോളർ മോചനദ്രവ്യം നൽകിയാണ് ഇവരെ മോചിപ്പിച്ചെതെന്നാണ് റിപ്പോർട്ട്.















