കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നടന്ന ചടങ്ങിലാണ് എറണാകുളം- ബംഗളൂരു വന്ദേഭാരത് അടക്കം നാലു വന്ദേഭാരത് സര്‍വീസുകൾക്ക് അദ്ദേഹം പച്ചക്കൊടി വീശിയത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു പരിപാടി നടന്നത്. ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന മന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം റൂട്ടിൽ ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര സമയം വെറും എട്ട് മണിക്കൂർ 40 മിനിറ്റാണ്. നിലവിലെ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയ്‌ക്കുന്ന ഈ പുതിയ കണക്റ്റിവിറ്റി, ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നു.
എറണാകുളത്ത് നിന്ന് ഉച്ചയ്‌ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തും. തിരിച്ച് ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50ന് എറണാകുളത്തുമെത്തും. 600 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക.
11 സ്റ്റേഷനുകളിലാണ് നിലവിൽ ട്രെയിന്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊത്തന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര് ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.
Leave a Comment