തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ സൂപ്രണ്ടിന്റെ വാദം പൊളിയുന്നു. വേണുവിന് ക്രിയാറ്റിൻ ലെവൽ കൂടുതലായിരുന്നതിനാൽ ആൻജിയോഗ്രാം സാധ്യമായില്ലെന്നായിരുന്നു മെഡിക്കൽ കോളജ് സുപ്രണ്ട് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇത് നുണയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വേണുവിന്റെ ലാബ് റിപ്പോർട്ട്. നവംബർ 2 നും 3 നും നടത്തിയ രക്ത പരിശോധനയിൽ ക്രിയാറ്റിന്റെ അളവ് അപകടകരമായി അളവിൽ ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഞ്ചുദിവസം ആശുപത്രിയിൽ കിടന്നിട്ടും വേണ്ട ചികിൽസ ലഭിച്ചില്ലെന്നും നഴ്സുമാരുടെ പെരുമാറ്റവും മോശമായിരുന്നുവെന്നും കഴിഞ്ഞ ദിവസം വേണുവിന്റെ ഭാര്യ സിന്ധു വെളിപ്പെടുത്തിയിരുന്നു.
ഹൃദയാഘാതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓട്ടോഡ്രൈവറായിരുന്ന വേണുവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. അഞ്ച് ദിവസത്തോളം ചികിത്സ ലഭിക്കാതെ ആശുപത്രിയുടെ വെറും നിലത്ത് വേണു കിടന്നു. രോഗം മുർച്ഛിച്ച അദ്ദേഹം ബുധനാഴ്ച രാത്രിയാണ് മരിച്ചത്.















