ചെന്നൈ: തമിഴ്‌നാട്ടിൽ പുരാതന ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി. തിരുവണ്ണാമല ജില്ലയിലെ കോവിലൂർ ശിവക്ഷേത്രത്തിൻ നിന്നാണ് ചോള- പാണ്ഡ്യ കാലഘട്ടത്തിലെ 103 സ്വർണ നാണയങ്ങൾ ലഭിച്ചത്.
ജാവ്വാടു കുന്നുകൾക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നവീകരണം നടക്കുകയാണ്. ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ തൊഴിലാളികളാണ് മൺകുടത്തിൽ നാണയങ്ങൾ കണ്ടെത്തിയത്. സ്വർണത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നില്ല.
നാണയങ്ങളിൽ ചിലതിൽ രാജ ചിഹ്നങ്ങളും, ചോളരുടെ കടുവകളുടെയും പാണ്ഡ്യരുടെ മത്സ്യങ്ങളുടെയും ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിലെയും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാണയങ്ങൾ ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
Leave a Comment