ന്യൂഡൽഹി: കോൺഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റിയെന്നും ബിഹാറിനെ ജംഗിൾരാജിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിന്റെ ഭാഗമായി ബെട്ടിയയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനമില്ലാതാകുമ്പോൾ ദരിദ്രരെയും പിന്നോക്ക വിഭാഗങ്ങളെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. നിയമവാഴ്ച അവസാനിക്കുന്നിടത്ത് ദരിദ്രരാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. തോക്കുകളും കൊള്ളയും ഭരിക്കുന്നിടത്ത് യുവാക്കളുടെ സ്വപ്നങ്ങൾ നശിക്കപ്പെടുന്നു.
ഇവിടെ തോക്കേന്തിയ സർക്കാരല്ല വേണ്ടത്, എൻഡിഎ സർക്കാരാണ് അധികാരത്തിൽ എത്തേണ്ടത്. ജംഗിൾ രാജ് ഓർമകൾ തിരികെ കൊണ്ടുവരികയാണ്. സത്യാഗ്രഹത്തിന്റെ പുണ്യഭൂമി ഗുണ്ടകളുടെയും കൊള്ളക്കാരുടെയും ശക്തികേന്ദ്രമായിരിക്കുകയാണ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന റാലിയാണിത്. ഇനി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായിരിക്കും താൻ ഇവിടേക്ക് വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.















