ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജാപ്പനീസ് ഭാഷാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരു ആശ്രമത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്നാണ് അക്കാദമിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഇന്ത്യ- ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളിലും ആർട്ട് ഓഫ് ലിവിങ്ങിന്റെ സാന്നിധ്യം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അക്കാദമിക്കുള്ളത്. ഭാഷാ പഠനത്തോടൊപ്പം ഇന്ത്യൻ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാനും അക്കാദമിക്ക് സാധിക്കും. ഇന്ത്യൻ യുവാക്കൾക്ക് ഭാഷാ പരിശീലനവും തൊഴിൽ അവസരങ്ങളും ഒരുക്കുന്നതിന് സഹായകമാണിത്.
ജപ്പാൻ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കും. അന്താരാഷ്‌ട്ര തൊഴിൽ സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ യുവാക്കളെ പ്രാപ്‌തരാക്കുകയും അവർക്ക് ആത്മവിശ്വാസം നൽകാനും അക്കാദമി വിവിധ പദ്ധതികൾ നടപ്പിലാക്കും. ഇതിനായി മൂല്യാധിഷ്ഠിതമായ പരിശീലന കോഴ്സുകൾ അക്കാദമി ആരംഭിക്കും. മികച്ച ഭാഷാപഠനവും ഉച്ചാരണ ശുദ്ധിയും ഉറപ്പാക്കാൻ ജപ്പാനിൽ നിന്നുള്ള അദ്ധ്യാപകരും ക്ലാസുകൾ കൈകാര്യം ചെയ്യും.
ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നടക്കും. പത്താംക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കോഴ്‌സുകളിൽ ചേരാം. കൂടാതെ ജപ്പാനിലെ ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യൻ യുവാക്കൾക്കും പ്രൊഫെഷനലുകൾക്കും ആവശ്യമായ എല്ലാ സഹായവും നൽകും.















