വാഷിംഗ്ടൺ: ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് സർക്കാരിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും അതിനാൽ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും ട്രംപ് അറിയിച്ചു. വിദേശമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ വംശത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടെന്നും വെളുത്തവർഗക്കാരായ കർഷകർ പീഡനം നേരിടുന്നുണ്ടെന്നും ആരോപിച്ച് തീരുമാനം മാറ്റുകയായിരുന്നു. ട്രംപിന്റെ ഈ നടപടിയെ ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രാലയം അപലപിച്ചു. കൂടാതെ, ട്രംപിന്റെ ആരോപണങ്ങൾ തള്ളുകയും ചെയ്തു.
കർഷകരെ കൊലപ്പെടുത്തുകയും അവരുടെ സ്വത്തുക്കൾ നിയമവിരുദ്ധമായി കൈക്കലാക്കുകയും ചെയ്തതായും ട്രംപ് ആരോപിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നിടത്തോളം ഒരു യുഎസ് പ്രതിനിധിയും ഉച്ചകോടിയിൽ പങ്കെടുക്കില്ല. ഉച്ചകോടി ഫ്ലോറിഡയിൽ നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
നവംബർ 22,23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. നേരത്തെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം ബഹിഷ്കരിച്ചരുന്നു.















