ലക്നൗ: യുപിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തിഗാനമായ വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടന്ന യൂണിറ്റ് മാർച്ച് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദേശീയ അഭിമാനവും മാതൃരാജ്യത്തോടുള്ള ആദരവുമായും ഗാനത്തെ ബന്ധപ്പെടുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
1937-ൽ വന്ദേമാതരം വെട്ടിച്ചുരുക്കിയതിന് കോൺഗ്രസിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല പ്രസ്താവനയെ തുടർന്നാണ് ഈ നീക്കം. 1937-ൽ കോൺഗ്രസ് വന്ദേമാതരം വെട്ടിച്ചുരുക്കിയിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ പോലുള്ള ദേശീയ നായകന്മാരുടെ പരിപാടികൾ ഒഴിവാക്കി ജിന്നയെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും അഭിമാനവും വളർത്തുന്നതിന് വേണ്ടി ഇത് സഹായിക്കും. എല്ലാ സ്കൂളുകളിലും കോളേജുകളിലും പൊതുജനങ്ങൾക്കായി ആലപിക്കണം. ദേശഭക്തിഗാനത്തെ എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുകയാണ്.
ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും രാജ്യത്തോട് വിശ്വസ്തരായിരിക്കും. അതിന്റെ ഐക്യത്തിനായി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജാതിയുടെയോ ഭാഷയുടെയോ പേരിൽ സമൂഹത്തെ വിഭജിക്കുന്ന എല്ലാവരെയും തിരിച്ചറിഞ്ഞ് എതിർക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അഖിലേന്ത്യാ മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയെയും മുഹമ്മദ് അലി ജൗഹറിനെയും പരാമർശിച്ചിട്ടുണ്ട്.















