ന്യൂഡൽഹി: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ലഡു നിർമാണത്തിന് അഞ്ചു വർഷം ഉപയോഗിച്ചത് വ്യാജ നെയ്യ്. ലഡു കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ.
പാലിന്റെയോ വെണ്ണയുടെയോ ഒരു അംശം പോലുമില്ലാത്ത ഈ വ്യാജ നെയ്യ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ഡയറിയിൽ നിന്നുമായിരുന്നു ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നത്. തിരുപ്പതി ക്ഷേത്രത്തിന് വേണ്ടി വ്യാജ നെയ്യ് ഉത്പാദിപ്പിക്കാനും വിൽക്കാനും വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഭോലെ ബാബ ഡയറി. 2019 നും 2024 നും ഇടയിൽ ഏകദേശം 68 ലക്ഷം കിലോഗ്രാം നെയ്യാണ് ക്ഷേത്രത്തിൽ എത്തിച്ചത്. ഏകദേശം 250 കോടി രൂപയാണ് ക്ഷേത്രം സ്ഥാപനത്തിന് നൽകിയത്.
യഥാർത്ഥ പാലോ വെണ്ണയോ വാങ്ങിയിട്ടില്ലെന്നും പകരം മോണോഡിഗ്ലിസറൈഡുകൾ, അസറ്റിക് ആസിഡ് എസ്റ്ററുകൾ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ നെയ്യ് നിർമ്മിച്ചുവെന്നും സിബിഐ പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള മലേഷ്യൻ പാം ഓയിൽ ഇറക്കുമതിക്കാരനിൽ നിന്നാണ് ഹാർഷ് ഫ്രഷ് ഡയറി എന്ന പേരിൽ വാങ്ങിയ പാം ഓയിലും കേർണൽ ഓയിലും ആണ് കമ്പനി ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പ്രാദേശികമായി പാൽ വാങ്ങിയെന്ന് കാണിക്കുന്ന വ്യാജ ബില്ലുകൾ സ്ഥാനം നിർമിച്ച് സൂക്ഷിച്ചിരുന്നു.
2022 ൽ ഭോലെ ബാബ ഡയറി കരിമ്പട്ടികയിൽ പെടുത്തിയതിനുശേഷവും, വൈഷ്ണവി ഡയറി (തിരുപ്പതി), മാൽ ഗംഗാ ഡയറി (ഉത്തർപ്രദേശ്), എആർ ഡയറി ഫുഡ്‌സ് (തമിഴ്‌നാട്) തുടങ്ങിയ മറ്റ് കമ്പനികളുടെ പേരിൽ അവർ വ്യാജ നെയ്യ് വിതരണം തുടർന്നിരുന്നുവെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസ് വെറും ഒരു തട്ടിപ്പല്ല, മറിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് സിബിഐ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അഴിമതിയിൽ പങ്കാളികളായ ക്ഷേത്രം ജീവനക്കാരെ കുറിച്ചും സിബിആ വിശദമായി അന്വേഷിക്കുന്നുണ്ട്.















