ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണത്തിന് ഭീകരർ ഗൂഢാലോചന നടത്തിയത് ഹരിയാനയിലെ അൽഫലാഹ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മുറിയിൽ നിന്ന്. ഈ മുറിയിൽ വച്ചാണ് ഭീകരർ പദ്ധതി ആസൂത്രണം ചെയ്തത്. ഗൂഢാലോചന നടത്തുന്നതിനുള്ള പ്രധാന കേന്ദ്രമാക്കി ഹോസ്റ്റൽ മുറിയെ മാറ്റുകയായിരുന്നു.
ബോയ്സ് ഹോസ്റ്റലായ 17-ാം നമ്പർ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയാണ് വൈറ്റ് കോളർ ഭീകരർ രഹസ്യ ചർച്ചകൾക്കുള്ള കേന്ദ്രമാക്കി ഉപയോഗിച്ചിരുന്നത്. ഇവരിൽ പലരും അറസ്റ്റിലായിട്ടുണ്ട്. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബി അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു.
പുൽവാമ സ്വദേശിയായ മുസമ്മിൽ അഹമ്മദാണ് ഇവിടെ താമസിച്ചിരുന്നത്. സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യവും മുറിയിൽ നിന്ന് ലഭിച്ചിരുന്നു.
2014-ലാണ് അൽ ഫലാഹ് മെഡിക്കൽ കോളേജ് സ്ഥാപിതമായത്. പിന്നോക്ക വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ കരുവാക്കിയാണ് മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ 12 ദിവസത്തോളം അൽ ഫലാഹ് കോളേജ് ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.















