തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ- സിപിഎം വാക്പോര് മുറുകുന്നു. പിഎം ശ്രീയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചതിലാണ് തർക്കം ആരംഭിച്ചത്. രാഷ്‌ട്രീയ വിജയമാണെന്നാണ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമർശത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചു.
“ഇത് ആരുടെയും വിജയമോ പരാജയമോ അല്ലെന്നും പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനാൽ എസ്എസ്കെ ഭാഗമായ 1152 കോടി കിട്ടുമോയെന്ന ആശങ്കയുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കില്ല. അത് ആരെന്ന് വച്ചാൽ ഏറ്റെടുത്തോട്ടെ. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടത്. ഇടത് രാഷ്‌ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട. നയങ്ങളിൽ നിന്നും പിന്നോട്ട് പോയത് ആരാണെന്നതിൽ പോസ്റ്റുമോർട്ടത്തിനില്ലെന്നും” ശിവൻകുട്ടി പറഞ്ഞു.
ശിവൻകുട്ടിയെ പോലെ പ്രകോപിതനാവാൻ തന്റെ രാഷ്‌ട്രീയബോധം സമ്മതിക്കുന്നില്ലെന്നാണ് ബിനോയി വിശ്വം പറഞ്ഞത്. വി. ശിവൻകുട്ടിക്ക് മറുപടി നൽകി എൽഡിഎഫ് ഐക്യത്തിന് കോട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പ്രകോപനം ഉണ്ടാക്കിയതിന്റെ കാരണം എനിക്കറിയില്ല. രാഷ്‌ട്രീയ ബോധം എല്ലാവര്‍ക്കും വേണം. പി എം ശ്രീയെ സംബന്ധിച്ച് ശിവൻകുട്ടിയെ രാഷ്‌ട്രീയം പഠിപ്പിക്കാൻ ഞാൻ ആളല്ല. ഇടതുപക്ഷ രാഷ്‌ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാൾ യോഗ്യരായവർ സിപിഎമ്മിൽ തന്നെയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.















