ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട സംഘാംഗങ്ങൾ പാകിസ്ഥാനിലേക്ക് കടന്നതായി സൂചന. പ്രതികൾക്ക് പാക് ഭീകരരുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോ. ഷഹീൻ ഷാഹിദിന് ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ കൂടുംബവുമായാണ് അടുത്ത ബന്ധമുള്ളത്.
മസൂദ് അസറിന്റെ ബന്ധുവും ഉമർ ഫാറൂഖിന്റെ ഭാര്യയുമായ ആഫിറ ബീബിയുമായി ഷഹീന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആളുകളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും വനിതാവിഭാഗം സ്ഥാപിക്കുകയും ചെയ്ത വ്യക്തിയാണ് ഷഹീൻ. ജെയ്ഷെ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമുണ്ടെന്നാണ് വിവരം.
ലഖ്നൗവിലെ ലാൽ ബാഗ് സ്വദേശിനിയാണ് ഷഹീൻ. ഫരിദാബാദിലെ ജെയ്ഷെയുടെ ശൃംഖല തകർത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകരവാദസംഘത്തിന് ഫണ്ടും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഷഹീന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഷഹീൻ നിരവധി തവണ ജമ്മുകശ്മീരിൽ യാത്ര നടത്തിയിട്ടുണ്ട്. ഭീകരാക്രമണവുമായി ഷഹീന്റെ യാത്രകൾക്ക് പങ്കുണ്ടോയെന്നും ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്.















