ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തിയ ചാവേർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാസേന. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് പുൽവാമയിലെ വീട് സുരക്ഷാസേന തകർത്തത്. ഡൽഹി ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും ചാവേറുമാണ് ഉമർ നബി.
സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് ചാവേറായത് ഉമർ നബിയെന്ന് തെളിഞ്ഞത്. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡിഎൻഎ സാമ്പിളുകളാണ് എയിംസ് ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഉമർ ഒറ്റയ്‌ക്കായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫരീദാബാദിൽ തന്റെ കൂട്ടാളികൾ പിടിക്കപ്പെട്ടതിന്റെ പരിഭ്രാന്തിയിലാണ് സ്ഫോടകവസ്തുക്കൾ നിറച്ച കാറിൽ ഉമർ ചെങ്കോട്ടയ്‌ക്ക് സമീപം എത്തിയത്. തുടർന്ന് സാവധാനം മുന്നോട്ട് നീങ്ങവെ നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു.















