വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലമാണ് തായ്ലാൻഡിലെ പട്ടായ. സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനും തിരക്കുള്ള ജീവിതത്തിൽ നിന്നുമൊക്കെ ഒരു ഇടവേള എടുക്കുന്നതിനായാണ് ഏവരും പട്ടായ തെരഞ്ഞെടുക്കുന്നത്. വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഏറ്റവും സുന്ദരമായ ഇടം.
അവധിക്കാലങ്ങളിൽ ധാരാളം ആളുകളാണ് പട്ടായയിലേക്ക് എത്തുന്നത്. മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിറഞ്ഞ തായ് ടൂറിസത്തിന്റെ ഭാഗമാണ് പട്ടായ. എത്ര കണ്ടാലും മതിവാരാത്ത കാഴ്ചകളുടെ പറുദീസയാണ് ഇവിടം. ഒരിക്കൽ സന്ദർശിച്ചവർ വീണ്ടും വരാൻ ആഗ്രഹിക്കുന്നു.
അതിസുന്ദരമായ തീരങ്ങളും മനോഹര കാഴ്ചകളും ഒരുക്കി സന്ദർശകരെ കാത്തിരിക്കുന്ന നഗരം ബാങ്കോക്കിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഡാൻസും പാട്ടും ഓളവും നിറഞ്ഞതാണ് പട്ടായയിലെ ദിനരാത്രങ്ങൾ.
ഏറ്റവുമധികം ആളുകളും രാത്രിയാണ് ആഘോഷമാക്കുന്നത്. പകൽ പോലെ വെളിച്ചം നിറഞ്ഞ വീഥിയാണ് രാത്രിയുടേതും. ഭക്ഷണശാലകളാണ് പട്ടായയിലെ മറ്റൊരു പ്രത്യേകത. രാത്രിയും പകലും വെറൈറ്റി വിഭവങ്ങളാണ് അവർ വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത്.















