തിരുവനന്തപുരം: അൽ ഫലാഹ് ട്രസ്റ്റുകളെക്കുറിച്ച് വിവര ശേഖരണം ആരംഭിച്ച് സംസ്ഥാന ഇൻ്റലിജൻസും. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. രജിസ്ട്രേഷൻ, അംഗങ്ങൾ, സാമ്പത്തിക ഉറവിടം എന്നിവയെല്ലാം പരിശോധിക്കും.
വിവിധ സംസ്ഥാനങ്ങളിലെ അൽ ഫലാഹ് ട്രസ്റ്റുകളുടെ പശ്ചാത്തലം സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന ഇന്റലിജൻസും വിഷയത്തിൽ അന്വേഷണം നടത്തുന്നത്.
ന്യൂഡൽഹിയിസെ ഓഖ്ല ആസ്ഥാനമായുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഫരീദാബാദിലെ അൽ ഫലാഫ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിലും നിരവധി അൽ ഫലാഹ് ട്രസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ട്രസ്റ്റുകൾക്ക് കീഴിൽ പ്രധാനമായും മദ്രസകളും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ഇവയ്‌ക്ക് ഡൽഹിയിലെ ട്രസ്റ്റുമായുള്ള ബന്ധമാണ് കേന്ദ്ര ഇന്റലിജൻസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെയാണ് കേരളത്തിലെ മൂന്ന് സ്ഥാനപങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നത്.
വൈറ്റ് കോളർ ഭീകര മൊഡ്യൂളിന്റെ ആസ്ഥാനമായാണ് ഹരിയാനയിലെ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഡൽഹി ഭീകരാക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർമാർ ഏതെങ്കിലും തരത്തിൽ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ളവരാണ്.















