തിരുവനന്തപുരം: ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വൻ തീപിടിത്തം. മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. യൂണിവേഴ്സൽ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രണ്ടാമത്തെ നിലയിലെ തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫാർമസിയും മറ്റും പ്രവർത്തിക്കുന്നതിനാൽ അപകടസാധ്യതകൾ കൂടുതലാണ്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കെട്ടിടത്തിന് സമീപത്തുള്ള താമസക്കാരെ സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശവാസികളാണ് തീപടരുന്നത് ആദ്യം കണ്ടത്. പെട്ടെന്ന് തീ പടർന്നുപിടിക്കുകയും പൊട്ടിത്തെറികൾ ഉണ്ടാവുകയുമായിരുന്നു.















