വാഷിംഗ്ടൺ: അമേരിക്കയെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റൈൻ രേഖകൾ പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ഒന്നിനെതിരെ 427 വോട്ടുകൾക്കാണ് പ്രമേയം പാസായത്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈൻ ഉൾപ്പെട്ട കേസിലെ അന്വേഷണ രേഖകളാണ് എപ്‌സ്റ്റൈൻ ഫയൽ.
അന്വേഷണ റിപ്പോർട്ടിൽ ചിലയിടങ്ങളിൽ ഡോണൾഡ് ട്രംപിനെ പരാമർശിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ട്രംപ് ഇക്കാര്യം നിഷേധിച്ചിരുന്നു. റിപ്പബ്ലിക്കൻ പ്രതിനിധി ക്ലേ ഹിഗ്ഗിൻസാണ് എതിർത്ത് വോട്ട് ചെയ്ത ഏക വ്യക്തി. ട്രംപിന്റെ കടുത്ത പിന്തുണക്കാരനാണ് ലൂസിയാന റിപ്പബ്ലിക്കൻ പ്രതിനിധിയായ ഹിഗ്ഗിൻസ്.
ശതകോടിശ്വരനായ ജെഫ്രി എപ്‌സ്റ്റൈന്റെ ബാലപീഡന പരമ്പരകളിൽ ട്രംപിനും പങ്കുണ്ടായിരുന്നു എന്ന് ഇലോൺ മസ്ക് ആരോപിച്ചിരുന്നു. എപ്‌സ്റ്റൈനുമായുള്ള ബന്ധമാണ് ബ്രിട്ടനിലെ ആൻഡ്രു രാജകുമാരന് സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നഷ്ടമാകാൻ കാരണം.
2005-ൽ, ഫ്ലോറിഡയിൽ മകൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന പിതാവിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമായി 36 പേരെ ജഫ്രി ദുരുപയോഗം ചെയ്തതായി ഫെഡറൽ പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ മാത്രമായി 72 ഏക്കർ വരുന്ന ദ്വീപ് ഇയാൾ സ്വന്തമാക്കിയിരുന്നു. മൈക്കിൾ ജാക്സൺ, ലിയാർണോ ഡികാപ്രിയോ, ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ ഇവിടെ സന്ദർശകരായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു
എന്നാൽ വിരൽ എണ്ണാവുന്ന കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷയ്‌ക്കിടെ 2019ൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമൂഹത്തിലെ ഉന്നതതയിലുള്ളവർ ഉൾപ്പെട്ട ക്ലെയൻ്റ് ലിസ്റ്റ് എപ്സ്റ്റെയ്ൻ സൂക്ഷിച്ചിരുന്നതു കൊണ്ട് ഇയാളെ ജയിലിൽ വെച്ച് കൊലപ്പെടുത്തിയതാകാം എന്ന ആരോപണമുയർന്നിരുന്നു.















