അമരാവതി: സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് നടി ഐശ്വര്യ റായ്. പ്രധാനമന്ത്രി തങ്ങൾക്ക് എന്നും പ്രചോദനമാണെന്നും ഈ ആഘോഷത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന് പവിത്രത നൽകുന്നുവെന്നും ഐശ്വര്യ റായ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വാക്കുകൾ.
“സേവനമാണ് യഥാർത്ഥ നേതൃത്വം. മനുഷ്യനോടുള്ള സേവനം ദൈവത്തോടുള്ള സേവനമാണ്. ഞങ്ങളോടൊപ്പം ഈ പരിപാടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് ഏറെ നന്ദി അറിയിക്കുന്നുവെന്നും” ഐശ്വര്യ റായ് പറഞ്ഞു. തുടർന്ന് താരം പ്രധാനമന്ത്രിയുടെ കാൽ തൊട്ടുവന്ദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, കേന്ദ്രമന്ത്രിമാരായ രാം മോഹൻ നായിഡു കിഞ്ചരാപു, ജി. കിഷൻ റെഡ്ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.















