ബെംഗളൂരു: ഉഡുപ്പിയിലെ ലക്ഷകണ്ഠ ഗീതാപാരായണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നവംബർ 28-നാണ് ശ്രീകൃഷ്ണ മഠത്തിൽ ഗീതാപാരായണം നടക്കുന്നത്. രാവിലെ പത്ത് മണി മുതൽ ഉച്ചയ്‌ക്ക് 12.30 വരെ ഗീതാപാരായണം നടക്കും. ഒരു ലക്ഷം ഭക്തർ ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്ത് ശ്രീകൃഷ്ണന് സമർപ്പിക്കും. പ്രധാനമന്ത്രിയും ഏതാനും ശ്ലോകങ്ങൾ ചൊല്ലും. ഒരു ലക്ഷം ഭക്തർ ചൊല്ലുന്ന ശ്ലോകങ്ങൾ ഗീതാചാര്യൻ ശ്രീകൃഷ്ണന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടൊനുബന്ധിച്ച് പ്രത്യേക ഒരുക്കങ്ങളും തയാറാക്കിയിട്ടുണ്ട്. ഹെലിപാഡ് സംവിധാനം ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്താനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് വേണ്ട നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് എസ്പിജി ഉദ്യോഗസ്ഥരുമായും ചർച്ച നടക്കും.
രാവിലെ എട്ട് മണിക്ക് ഡൽഹി വിമാനത്താവളത്തിൽ നിന്ന് വ്യോമസേന വിമാനത്തിലായിരിക്കും പുറപ്പെടുക. രാവിലെ 11 മണിക്ക് മംഗളൂരു വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് 12 മണിക്ക് ഹെലികോപ്റ്ററിലാണ് ശ്രീകൃഷ്ണമഠത്തിൽ എത്തുന്നത്. തുടർന്ന് ലക്ഷകണ്ഠ ഗീതാപാരായണത്തിൽ പങ്കെടുക്കും. അവിടെ എത്തുന്ന ഭക്തജനങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.















