വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളിൽ ഏറ്റവും വ്യത്യസ്തമായി എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് ഹൽദി. നോർത്ത് ഇന്ത്യയിൽ നടന്നുവരുന്ന ചടങ്ങാണിത്. എന്നാൽ ഇപ്പോഴിത് കേരളത്തിലെ കല്യാണവീടുകളിലും സജീവമായി കാണുന്നു.

മഞ്ഞനിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ച് വ്യത്യസ്തമായി അണിഞ്ഞൊരുങ്ങിയാണ് വധു ചടങ്ങിനെത്തുന്നത്. ഹൽദിയിൽ പങ്കെടുക്കുന്ന എല്ലാവരും വധുവിന്റെ വസ്ത്രങ്ങളോട് ഇണങ്ങുന്നതോ അല്ലെങ്കിൽ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളോ ധരിച്ചെത്തുന്നു.

വധുവിനെയും വരനെയും ഒരുമിച്ചിരുത്തി മഞ്ഞൾ തേയ്‌ക്കുകയും മഞ്ഞൾ കലർത്തിയ വെള്ളം ശരീരത്തിൽ ഒഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. ഇതിന് പിന്നിൽ മറ്റൊരു വിശ്വാസവമുണ്ട്. ദമ്പതികളുടെ ദീർഘായുസിനും ആരോഗ്യകരമായ ബന്ധത്തിനുമാണ് ഇത്തരത്തിൽ മഞ്ഞൾ തേയ്‌ക്കുന്നതെന്നാണ് പറയപ്പെടുന്നത്.

വധുവിനെയും വരനെയും അനുഗ്രഹിക്കുന്നതിനായി കൂടുതലും സുമംഗലികളായ സ്ത്രീകളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കണ്ണേറ് തട്ടാതിരിക്കാനാണ് ഇത് ചെയ്യുന്നത്. മറ്റൊരുവശം എന്തെന്നാൽ, ഏറെ ഔഷദ ഗുണങ്ങളുള്ള മഞ്ഞൾ, മുഖത്തും ശരീരത്തിലും പുരട്ടുന്നത് മൃദുത്വവും തിളക്കവും നൽകുന്നു. കൂടാതെ വിവിധ അണുബാധകളിൽ നിന്നും ഇവ സംരക്ഷണം നൽകാറുണ്ട്.
















