ന്യൂഡൽഹി: കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. എസ്‌ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് അന്നു തീരുമാനിക്കാമെന്നും അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്‌ക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽവോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സസ്ഥാന സര്‍ക്കാറിനായി ചീഫ് സെക്രട്ടറി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ എതിർത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തില്‍ തടസ്സമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി















