ശ്രീനഗർ : കശ്മീരിലെ ഉദംപൂരിൽ ഭക്ഷണം ആവശ്യപ്പെട്ട് മൂന്ന് ഭീകരർ ജനവാസ മേഖലകളിൽ എത്തിയെന്ന് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരർ എത്തിയത്. ഒരു വീടിന്റെ വാതിലിൽ തട്ടി ഭക്ഷണം ആവശ്യപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ബസന്ത്ഗഢിലെ ചിംഗ്ല ബലോത്ത ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുടമസ്ഥർ പരിഭ്രാന്തരായി രക്ഷപ്പെടുകയും ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസേന പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തി. വനമേഖലകൾ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ നടക്കുന്നത്. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തു. ഭീകരരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നതായാണ് വിവരം. പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ ഉടൻ വിവരമറിയിക്കണമെന്നും നിർദേശിച്ചു.
പാക് ഭീകരർ നുഴഞ്ഞുകയറുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ബസന്ത്ഗഢ്. സമീപനാളുകളിൽ നിരവധി ഏറ്റുമുട്ടലുകൾ നടന്ന സ്ഥലമാണിത്. കൂടാതെ ഭീകരരുടെ ഒളിത്താവങ്ങളും കണ്ടെത്തിയിട്ടുണ്ട്.















