ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങും. 19 ദിവസങ്ങളിലായി ആകെ 15 സിറ്റിങ്ങുകൾ ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സർക്കാർ വിശദീകരിച്ചു.
സമ്മേളനത്തിൽ പാസാക്കാൻ സാധ്യതയുള്ള 13 ബില്ലുകൾ നിയമനിർമ്മാണത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഹൈവേസ് (ഭേദഗതി) ബിൽ, ആറ്റോമിക് എനർജി ബിൽ, കോർപ്പറേറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഇൻഷുറൻസ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ബിൽ -2025 എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സെൻട്രൽ എക്സൈസ് (ഭേദഗതി) ബില്ലും 2025 ലെ ആരോഗ്യ സുരക്ഷ, ദേശീയ സുരക്ഷാ സെസ് ബില്ലും അവതരിപ്പിക്കും.2025-26 വർഷത്തേക്കുള്ള ഗ്രാന്റിനായുള്ള സപ്ലിമെന്ററി ഡിമാൻഡുകളെക്കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പും ഈ സമ്മേളനത്തിൽ നടക്കും.
പാർലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഇന്നലെ രാവിലെ സർക്കാർ ന്യൂഡൽഹിയിൽ ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ച സർവകക്ഷി യോഗത്തിൽ 36 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 50 നേതാക്കൾ പങ്കെടുത്തു.
സമ്മേളനം സുഗമമായി കൊണ്ടുപോവാൻ സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണവും (എസ്ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. എസ്ഐആർ ചർച്ചചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെനന്മ ചില നേതാക്കൾ മുന്നറിയിപ്പ് നൽകി. കർഷകരുടെ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്ന വിഷയം കേരള കോൺഗ്രസ് (എം) എംപി ജോസ് കെ. മാണി ഉന്നയിച്ചു.
ശീതകാല സമ്മേളനത്തിൽ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി സഹകരണം ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ചർച്ചകളിൽ ഇരുസഭകളുടെയും ചട്ടങ്ങൾ അനുസരിച്ച്, മറ്റ് ഏത് പ്രധാന വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.















