ന്യൂഡൽഹി: പ്രതിപക്ഷം തെരഞ്ഞെടുപ്പ് തോൽവിയുടെ വിഷാദത്തിൽ നിന്ന് കരകയറി തങ്ങളുടെ കടമ നിറവേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് വളപ്പിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് സമ്മേളനം വെറുമൊരു ആചാരമല്ലെന്നും, രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്താനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തെ രാഷ്‌ട്രീയ നാടകങ്ങൾക്കുള്ള വേദിയാക്കി മാറ്റരുതെന്നും, മറിച്ച് സൃഷ്ടിപരമായ സംവാദത്തിനുള്ള വേദിയാക്കണമെന്നും അദ്ദേഹം പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.
“നാടകവും മുദ്രാവാക്യവും മുഴക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. നിങ്ങൾ പരാജയപ്പെട്ട സ്ഥലങ്ങളിൽ നിങ്ങൾ അത് ചെയ്തിട്ടുണ്ട്, നിങ്ങൾ പരാജയപ്പെടാൻ പോകുന്നിടത്ത് വീണ്ടും അത് ചെയ്യും. കഴിഞ്ഞ 10 വർഷമായി നിങ്ങൾ കളിച്ചുകൊണ്ടിരുന്ന നാടകം ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനിയെങ്കിലും തന്ത്രം മാറ്റണം. ആവശ്യമെങ്കിൽ കുറച്ച് നുറുങ്ങുകൾ ഞാൻ പറഞ്ഞുതരാം,” സഭയിൽ പ്രതിപക്ഷ പെരുമാറ്റം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി പറഞ്ഞു.
ബീഹാർ തെരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിംഗ് ജനാധിപത്യത്തിന്റെ ശക്തി പ്രകടനമാണ്. അമ്മമാരുടെയും സഹോദരിമാരുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണ്. ആദ്യമായി എംപി സ്ഥാനത്ത് എത്തിയവർക്ക് ഇത്തവണ സംസാരിക്കാൻ അവസരം നൽകണമെന്നും പ്രധാനമന്ത്രി പാർലമെന്റിനോട് അഭ്യർത്ഥിച്ചു.















