എറണാകുളം: കുവൈറ്റിൽ വിഷമദ്യ ദുരന്തത്തിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി മകൻ സാന്റോൺ ലാമ. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും സാന്റോൺ ലാമ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.
കേരളത്തിലേക്ക് വരുന്നയാളെ ഇങ്ങനെയാണോ മെഡിക്കൽ കോളേജും പൊലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കും. മൃതദേഹം പിതാവിന്റെ തന്നെയാണോയെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണ്. അജ്ഞാതൻ എന്നാണ് ആശുപത്രി അധികൃതർ പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീടാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററിൽ കണ്ടെത്തിയത്.
അസുഖം ഭേദമായതിനാലാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടതെന്നാണ് അധികൃതർ പറയുന്നത്. വിഷമദ്യ ദുരന്തത്തിൽപെട്ട് ഓർമശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും മകൻ ചോദിച്ചു.
സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓർമ നഷ്ടപ്പെട്ടതിനെ തുടർന്ന് ലാമയെ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് ആരെയും അറിയിക്കാതെ കയറ്റിവിടുകയായിരുന്നു. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചൂ. കൊച്ചിയിൽ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് വീണ്ടും കാണാതായെന്നായിരുന്നു വിവരം.















