ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന പാക് വ്യോമതാവളങ്ങളുടെ നിർമാണം ആരംഭിച്ചതായി റിപ്പോർട്ട്. സുക്കൂറിൽ സ്ഥിതിചെയ്തിരുന്ന വ്യോമതാവളമാണ് ഇന്ത്യൻ സൈന്യം തകർത്തത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ പാകിസ്ഥാൻ തുടങ്ങി. ഇത് വ്യക്തമാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
മെയ് പത്തിന് പുലർച്ചെ രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് പാക് വ്യോമതാവളത്തിന് നേരെ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയത്. വെടിനിർത്തൽ കരാറിൽ ഒപ്പുവയ്‌ക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ആക്രമണം.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് നിരപ്പാക്കിയതിന്റെ ആകാശദൃശ്യമാണ് പുറത്തുവന്നത്. ഓപ്പറേഷൻ സിന്ദൂറിൽ പാക് സൈന്യത്തിന്റെ പ്രധാനവ്യോമതാവളമായ നൂർ ഖാനിലും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.















