മുംബൈ: രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോൺ ടാറ്റ അന്തരിച്ചു. 95 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിലെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയാണ്. ആലു മിസ്രി മരുമകളാണ്. നെവിൽ, മായ, ലിയ എന്നിവർ പേരക്കുട്ടികളാണ്. ശനിയാഴ്ച രാവിലെ കൊളാബയിലെ കത്തീഡ്രൽ ഓഫ് ദി ഹോളി നെയിം ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ നടക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്‌റെ ബിസിനസിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സിമോൺ ടാറ്റ സജീവമായിരുന്നു. ഇന്ത്യയിലെ മുൻനിര കോസ്മറ്റിക്ക് ബ്രാൻഡായ ലാക്മെ, ഫാഷൻ റീട്ടെയിൽ ബ്രാൻഡായ വെസ്റ്റ്സൈഡ് എന്നിവയ്‌ക്ക് അടിത്തറ പാകിയത് സിമോണായിരുന്നു. രത്തൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ നിരവധി ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
സ്വിറ്റ്സർലൻഡിൽ ജനിച്ച സിമോൺ 1953 ൽ ഒരു വിനോദസഞ്ചാരിയായിട്ടാണ് ആദ്യമായി ഇന്ത്യയിൽ എത്തിയത്. രണ്ട് വർഷത്തിന് ശേഷമാണ് നേവൽ എച്ച്. ടാറ്റയെ വിവാഹം കഴിക്കുന്നത്. 1960 കളുടെ തുടക്കത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ സജീവമാകുന്നത്.















