ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സന്തോഷവാർത്തയാണ് ഫുട്ബോൾ ഇതിഹാസതാരം ലയണൽ മെസിയുടെ കേരളാസന്ദർശനം. വരുമോ ഇല്ലയോ എന്ന ചോദ്യത്തിന് വരില്ലെന്ന് സ്പോൺസർമാർ തീർത്തുപറഞ്ഞതോടെ ഫുട്ബോൾ പ്രേമികൾ നിരാശരായി. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മെസിയുടെ സന്ദർശനത്തിൽ തീരുമാനമായിരിക്കുകയാണ്. മെസി വരുന്നുണ്ട്. പക്ഷേ കേരളത്തിലല്ല, കൊൽക്കത്തയിൽ.
ശനിയാഴ്ചയാണ് (13-12-2025) മെസി കൊൽക്കത്തയിൽ എത്തുന്നത്. ബോളിവുഡ് നടൻ ഷാരൂഖ് ഖാനാണ് മെസിയുടെ വരവിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. നഗരത്തിലെ വിവിധ പരിപാടികളിൽ മെസി പങ്കെടുക്കും. സെലിബ്രിറ്റികളും പ്രമുഖരും പങ്കെടുക്കുന്ന ആഘോഷങ്ങളിലും മെസി ഭാഗമാകും.
മെസിയെ കാണാനായി ആവേശഭരിതരായിരിക്കുകയാണ് ആരാധകവൃന്ദം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 10 ലക്ഷത്തിന്റെ പ്രീമിയം ടിക്കറ്റെടുത്താൽ ആരാധകർക്ക് മെസിയെ കാണാനും ഫോട്ടോയെടുക്കാനുമുള്ള അവസരം ലഭിക്കും. 100 പേർക്ക് മാത്രമാണ് അവസരം. ഇതിനായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനമാണ് പദ്ധതിയിടുന്നത്. പുലർച്ചെ ഒന്നരയോടെ മെസി കൊൽക്കത്തയിൽ വിമാനമിറങ്ങും. വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്ക് തിരിക്കുമെന്നാണ് വിവരം.















