ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം പി സൗഗത് റോയ് ലോക്സഭയ്‌ക്കുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചുവെന്ന് പരാതി. ഗുരുതരമായ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി അനുരാഗ് ഠാക്കൂർ സ്പീക്കർ ഓംബിർളയ്‌ക്ക് രേഖാമൂലം പരാതി നൽകി. ടിഎംസി എംപി കുറച്ചുദിവസങ്ങളായി സഭയിൽ ഇ-സിഗരറ്റ് വലിക്കുന്നുണ്ടെന്നും സഭയിലുണ്ടായിരുന്ന നിരവധി പേർ ഇത് കണ്ടിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. ചർച്ചകൾ സഭാനടപടികൾ തടസപ്പെടുത്തിയിരുന്നു. തുടർന്ന് രേഖാമൂലം പരാതി നൽകാൻ സ്പീക്കർ അനുരാഗ് ഠാക്കൂറിനോട് ആവശ്യപ്പെടുകയായിരുന്നു.
2025 ഡിസംബർ 11-ന് ലോക്‌സഭാ ചേംബറിൽ വെച്ചാണ് സംഭവം നടന്നത്. അത് ഉടൻ തന്നെ എല്ലാവരുടെയും ശ്രദ്ധയിൽപെടുത്തിയതായും പരാതി നൽകിയതായും ഠാക്കൂർ വ്യക്തമാക്കി. സഭയുടെ അന്തസ്സിനെ അധിക്ഷേപിക്കുന്ന സംഭവമാണിത്. രാജ്യവ്യാപകമായി ഇ- സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്. ഇവയുടെ നിർമാണവും കയറ്റുമതിയും നിയമവിരുദ്ധമാണെന്നും അനുരാഗ് ഠാക്കൂർ നൽകിയ പരാതിയിൽ പറയുന്നു.















