ചുവപ്പ് പോലുള്ള കടുംനിറമുള്ള വസ്ത്രങ്ങൾ അലക്കുമ്പോൾ കളർ ഇളകി പോകുന്നത് സാധാരണയാണ്. വലിയ വിലകൊടുത്ത് വാങ്ങിയ ഇവ പെട്ടെന്ന നരക്കുന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ഒപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. വസ്ത്രങ്ങൾ അലക്കിയെടുക്കാനുള്ള അൽപ്പം നുറുങ്ങുവിദ്യകൾ കൈയിലുണ്ടെങ്കിൽ നിറം മങ്ങാതെ വസ്ത്രങ്ങളെ സംരക്ഷിക്കാൻ സാധിക്കും. ചില പൊടികൈകൾ അറിയാം…
ഉപ്പും വിനാഗിരിയും
പുതിയ വസ്ത്രം ആദ്യമായി കഴുകുന്നതിന് മുമ്പ് അൽപ്പം ഉപ്പോ, വിനാഗിരിയോ ചേർത്ത വെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വയ്‌ക്കുന്നത് നല്ലതാണ്. വസ്ത്രങ്ങളുടെ നിറം ഇളകി പോകുന്നത് തടയാനും പുതുമ നിലനിർത്താനും സഹായിക്കും. തുടർന്ന് അവ സാധാരണ രീതിയിൽ കഴുകിയുണക്കാം.
ഡ്രൈയർ ഉപയോഗിക്കരുത്
വസ്ത്രങ്ങളിലെ ഇർപ്പം മാറ്റാനായി പലരും ഡ്രൈയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഉണക്കുമ്പോൾ തുണിയുടെ സോഫ്റ്റനസ് നഷ്ടപ്പെടാനും നൂൽ പൊങ്ങാനും സാധ്യതയുണ്ട്. ഇതോടെ വസ്ത്രങ്ങൾ പെട്ടന്ന് നരച്ചുപോകാനും നശിക്കാനും കാരണമാകും.
ചൂടുവെള്ളം വേണ്ട വേണ്ട
ചൂടുവെള്ളത്തിൽ ഡ്രസ് കഴുകാതിരിക്കുന്നതാണ് നല്ലത്. ഇത് വസ്ത്രങ്ങളുടെ നിറം നഷ്‌ടപ്പെടാനും പെട്ടന്ന് നരക്കാനും കാരണമാകും.
അയേൺ ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ഡ്രസ് അയേൺ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം. ഉയർന്ന ചൂടിൽ ഇസ്തിരി ഇടുമ്പോൾ കളർ മങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വസ്ത്രങ്ങൾ മറിച്ചിട്ട് തേക്കുന്നത് ഗുണം ചെയ്യും.
ഉണക്കുമ്പോഴും അൽപ്പം ശ്രദ്ധ
വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കുമ്പോഴും അൽപ്പം ശ്രദ്ധവേണം. ഉൾഭാഗം മറച്ചിട്ട് ഉണക്കുകയാണെങ്കിൽ നരച്ചുപോകുന്നത് തടയാൻ സാധിക്കും.















