ന്യൂഡൽഹി: കൊൽക്കത്തയിൽ ലയണൽ മെസി പങ്കെടുത്ത പരിപാടി അലങ്കോലമായതിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്നും മമത ബാനർജിയെ അറസ്റ്റ് ചെയ്യണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മെസിയുടെ സന്ദർശനത്തിന്റെ പേരിൽ സംഘാടകർ ജനങ്ങളെ പറ്റിച്ചതായും ക്രമക്കേട് നടന്നതായും അദ്ദേഹം വിമർശിച്ചു. ഇതിന് ഉത്തരവാദികൾ മുകളിലുള്ളവരാണ്. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് കമ്മീഷണർ എന്നിവരെയും അറസ്റ്റ് ചെയ്യണം. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിക്കും പൊലീസ് കമ്മീഷണർക്കുമാണ് ആദ്യത്തെ ഉത്തരവാദിത്തം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു. വിഐപി സംസ്കാരമാണ് ഇന്നലെ കൊൽക്കത്തയിൽ കാണാനായതെന്നും ഹിമന്ത് ബിശ്വ ശർമ വ്യക്തമാക്കി.
25,000 രൂപ വരെ ടിക്കറ്റ് വില ഈടാക്കിയാണ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിച്ചത്. എന്നാൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായത്. മെസി ആരാധകരുമായി സംവദിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ പത്ത് മിനിറ്റ് പോലും നിൽക്കാതെയാണ് മെസി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ഇത് വലിയ വിമർശനങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്‌ക്കുകയായിരുന്നു. സംഭവത്തിൽ ഒരു സംഘാടനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















