ന്യൂഡൽഹി: ത്രിരാഷ്‌ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക.
നാല് ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ആദ്യ ഘട്ടത്തിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈൻ, പ്രധാനമന്ത്രി ജാഫർ ഹസ്സൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും കൂടിക്കാഴ്ചകൾ.
എത്യോപ്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ, പ്രധാനമന്ത്രി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ശേഷം മസ്കറ്റിൽ എത്തുന്ന നരേന്ദ്രമോദി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ഒമാനും നയതന്ത്ര ബന്ധത്തിന്റെ 70 വാർഷികം ആഘോഷിക്കുകയാണ്. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ശക്തമായ വാണിജ്യ, സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തുമെന്നുമാണ് സൂചന. ഒമാനിലുള്ള ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.















